Saturday, December 29, 2007

എന്റെ ഗായത്രിക്കുട്ടിയ്ക്ക്.!!


സ്നേഹകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുമ്പോള്‍ സ്നേഹചിലങ്കകള്‍ കിലുങ്ങുന്നൂ, പാദസരത്തിന്റെ കിലുക്കം പോലെ, പുഴയുടെ ഓളം പോലെ, മഴയുടെ സംഗീതം പോലെ,മുല്ലപൂവിന്റെ സുഗന്ധമുള്ള പുലരിപോലെ, ആ പോയ്മറഞ്ഞ നല്ല നാളേയ്ക്കായ്...!!!



പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടിലെ
സര്‍പ്പക്കാവില്‍സര്‍പ്പം തുള്ളല്‍ നടത്താന്‍ പോക്കുന്നൂ.
അവള്‍ക്ക് വേണ്ടി..അവള്‍ വരുന്നൂ.....
എന്റെ.....ഞാന്‍ കാത്തിരുന്ന എന്റെ ഗായത്രിക്കുട്ടി,
ആ കാത്തിരിപ്പ് ഇനിയെത്ര ദിവസങ്ങള്‍ നീളും അറിയില്ലാ...
നിദ്രാവിഹീ‍നങ്ങളായ രാവുകളില്‍ നിദാന്തമായ കാത്തിരിപ്പ്,

ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ ഒരു ധനുമാസം,രവിമാമന്‍ മുത്തശ്ശിയുമായി
പിണങ്ങി എന്റെ ഗായത്രിക്കുട്ടിയുമായി പടിയിറങ്ങിയത്.
ഇന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ജോത്സ്യന്‍ പറഞ്ഞൂ അത്രെ.
തറവാട്ടിലെ ദോഷങ്ങള്‍ക്ക് കാരണം രവിമാമന്‍ പടിയിറങ്ങിപ്പോയതാണത്രെ.
അന്നുമുതല്‍ ഈയാണ്ടുവരെ തറവാട്ടമ്പലത്തില്‍ നേര്‍ച്ചയും ആറാട്ടും നടന്നിട്ടില്ലാ.
രവിമാമന്റെ മകള്‍ ഗായത്രിക്കുട്ടി[തിരുവാതിരനക്ഷത്രത്തില്‍ ജനിച്ചവള്‍]
വന്നു സര്‍പ്പക്കാവില്‍ വിളക്കുകൊളുത്തിയാല്‍ മാത്രമേ തറവാട്ടിലെ ശാപം നിലയ്കൂ‍.
തറവാട്ടില്‍ ഐശ്വര്യങ്ങള്‍ ഉണ്ടാകൂ അത്രെ..
അങ്ങനെ മുത്തശ്ശി എല്ലാം മറന്ന് അവരെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരിക്കുന്നൂ.

പതിവുപോലെ സന്ധ്യയ്ക്ക് ഞാന്‍ അമ്പലത്തില്‍ എത്തി
അര്‍ച്ചനകഴിഞ്ഞ് മുത്തശ്ശിയുടെ കൂടെ തികച്ചും അപ്രതീക്ഷിതമായി അവളെ കണ്ടു..
അറിഞ്ഞുകൊണ്ട് തന്നെ അറിയാത്ത മട്ടില്‍ അവളെന്നെ അലസമായി
ചെറുപുഞ്ചിരിയോടെ ഉഴിഞ്ഞുനോക്കുന്നുണ്ടായിരുന്നൂ,പ്രദക്ഷിണം കഴിഞ്ഞ്
അവള്‍ക്കൊപ്പം നിന്ന് പൂവും പ്രസാദവും വാങ്ങി ചുറ്റമ്പലചുവരിലെ
കണ്ണാടികൂട്ടില്‍ തൊടുകുറിവരച്ച് എനിയ്ക്കൊപ്പം അവള്‍ നടന്നൂ..

നിലവിളക്കുകളുടെ ശോഭയില്‍ നിലാവിന്റെ
സൌന്ദര്യമായിരുന്നൂ അവള്‍ക്ക്..


ഞാന്‍ പറയാന്‍ മറന്ന വാക്കുകളും,നീ പറയാന്‍ കൊതിച്ച വാക്കുകളും
 പറഞ്ഞുതീരുകതന്നെ ചെയ്യണം അതുകൊണ്ടല്ലെ
ഈ സര്‍പ്പദൈവങ്ങള്‍ നിന്നെ എനിക്ക് തിരിച്ചുകൊണ്ടുതന്നത്..

തണുത്ത കാറ്റുവീശിത്തുടങ്ങി വെയില്‍ മങ്ങിയ സായന്തനം
ഓര്‍മകളില്‍ പൊതിഞ്ഞ എന്റെ സ്വപ്നങ്ങളുടെ ചെപ്പുതുറക്കുമ്പോള്‍
അനിര്‍വചനീയമായ മുഖഭാവത്തോടെ അവള്‍ എന്നെ നോക്കി.
അവള്‍ എന്തൊ കേള്‍ക്കാന്‍ കൊതിയ്ക്കുന്നൂ എന്ന് സ്പഷ്ടം.!!

ഓര്‍ക്കുന്നുവോ..നീ..?

പണ്ട് സര്‍പ്പക്കാവിനടുത്തുള്ള അരളിമരത്തിലെ അരളിക്കായാണെന്ന്
പറഞ്ഞ് നിനക്ക് ഇലുമ്പിക്ക തന്നപ്പോള്‍ നീ കഴിച്ചത്..?
അന്ന് പിച്ചിപ്പൂമാല നിന്നെ അണിയിച്ചപ്പോള്‍നീ പറഞ്ഞത് ഓര്‍ക്കുന്നൊ..?
കൊഴിയാന്‍ വെമ്പുന്ന മോഹങ്ങളുടെ മുന്നോടിയായ് ഒരിതള്‍ ഇതില്‍ നിന്നും
നുള്ളണമെന്ന്ആ മോഹങ്ങളൊക്കെയും എനിയ്ക്കായ് തന്നത്,

പിന്നെ ഇലഞ്ഞിപൂവ് പെറുക്കാന്‍ കയ്യാലപ്പുറത്തുകൂടെ നടന്നപ്പോള്‍
നിന്റെ കാലില്‍ മുള്ളുതറച്ചതും, അതുകഴിഞ്ഞ് നിനക്ക് പാലപ്പൂവേണമെന്ന് പറഞ്ഞപ്പോള്‍ കിഴക്കേനടയ്ക്കാവിനടുത്തുള്ള പാലയില്‍ ചുറ്റിപിടിച്ച് കയറി കാലുതെറ്റി താഴെവീണതും
അതിനു രവിമാമന്‍ എന്നെ അടിച്ചതും അതുകൊണ്ട് ആ തൊടിയിലെ
ഞാവല്‍പഴം പെറുക്കാന്‍ നിന്നെ കൂട്ടാത്തതിന് നീയെന്നോട് പിണങ്ങിയതും
ആ പിണക്കം മാറ്റാന്‍ ആമ്പല്‍ക്കുളത്തിലെ മൂന്ന് ആമ്പല്‍പ്പൂ ഇറുത്തു തന്നതും,
അന്ന് ആറാട്ടിനു സര്‍പ്പക്കാവില്‍ വെച്ച് ഒരു സത്യം ചെയ്തിരുന്നൂ അത് നീ ഓര്‍ക്കുന്നുവോ..?

പിന്നെ നിന്റെ പുസ്തകതാളിലെ മയില്‍പീലിയ്ക്ക് എന്റെ ഗന്ധമാണെന്ന് പറഞ്ഞത്
പിന്നെ നിന്റെ പാദസരത്തിന്റെ മുത്തുകള്‍ എനിയ്ക്ക് തന്നപ്പോള്‍
എന്റെ പ്രേമസങ്കല്‍പ്പത്തിന്റെ കിങ്ങിണിമുത്തുകള്‍ പകരം തന്നതും,
പിന്നെ പുഴയുടെ തീരത്ത് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്
പുഴപോലെ ഒഴുകിയൊഴുകി അക്ഞാത തീരങ്ങളിലെത്തിയപ്പോള്‍
അവിടെ നമ്മളെ വരവേല്‍ക്കാന്‍ നക്ഷത്രകന്യകമാര്‍ പ്രത്യക്ഷപ്പെട്ടതും
പൂമെത്തകള്‍ നമുക്ക് പരവതാനിയായതും അതില്‍ ഒരു പൂവായി നീ മാറിയതും
ഞാനതില്‍ ഇതളായ് മാറിയതും അതിലെ മധുനുകരാന്‍ നമ്മുടെ
സ്വപ്നങ്ങള്‍ കൂട്ടായ് മാറിയതും അങ്ങനെയെല്ലാമെല്ലാം നീ ഓര്‍ക്കുന്നുവൊ..?

ഇപ്പോ നീ വളര്‍ന്നൂ ഒരു പാടൊരുപാട് എന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ഒരു ലോകത്തിലേയ്ക്ക്


ചുണ്ടില്‍ ചിരിയുമായ് കണ്ണില്‍ കുളുരുമായി വാക്കുകള്‍ അവളറിയാതെ പൊഴുഞ്ഞുവീണു.

ഞാന്‍ ഓര്‍ക്കുന്നു ആ സത്യം എനിക്ക് മറക്കാന്‍ പറ്റില്ലല്ലൊ.
[എന്റെ ശ്രീക്കുട്ടനെ ഞാന്‍ മറക്കണമെങ്കില്‍ അതിന് ഈ കടല്‍ കരയായ് മാറണം ]

Monday, December 10, 2007

പ്രണയം ഉപ്പുകൊണ്ടുണ്ടാക്കിയ കപ്പലാ‍ണല്ലെ..?

എന്റെ സ്വപ്നങ്ങള്‍ കൊണ്ട് ഒരു തുലാഭാരം നെയ്തുകൂട്ടിയപ്പോള്‍ഞാന്‍ അറിഞ്ഞില്ലായിരുന്നു...
യാഥാര്‍‌ത്ഥ്യലോകത്തുനിന്നും വേറിട്ടു സഞ്ചരിക്കുന്ന ഒരു പ്രതീകമാണ് അതെന്ന്..
കിനാവുകള്‍ക്ക് ചേതന നല്‍കുന്ന പ്രതീകം..പക്ഷെ കാലം പെയ്തുതീര്‍ന്നപ്പോള്‍...
ചേതനയറ്റ് തിരികേ യാഥാര്‍‌ത്ഥ്യത്തിലേയ്ക്കെത്തിയപ്പോള്‍ കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകമായിരുന്നു എന്റെ സ്വപ്നമെന്ന്.


അപ്രതീക്ഷിതമായ വഴിത്തിരുവുകളില്‍ ആശ്ചര്യവും ആഹ്ലാദവും ഒക്കെ പ്രകടിപ്പിക്കുന്നവരാണ് നമ്മളോരോരുത്തരും.അല്ലെ..?


ഭൂമിയെന്ന യാഥാര്‍‌ത്ഥ്യലോകം വിട്ട് പറന്ന്പറന്ന് അങ്ങ് ദൂരെ ദൂരെ നക്ഷത്രലോകത്തെത്തുന്നൂ.. അവസാനം ഈ ലോകത്തിനു ഏതാനും സമയത്തെ മാത്രം ക്ഷണികതകല്‍പ്പിക്കുമ്പോഴൊ..?നിരാശയുടെ അന്ധകാരത്തിലേയ്ക്ക് കാലിടറി വീഴുന്നു..


സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനു തുണയായി നാള്‍ക്കുനാള്‍ അലിയുന്ന ഈ ഹൃദയം നീ കാണുന്നില്ലെ..?സ്നേഹമാം തന്ത്രികള്‍ തുളുമ്പാതെ വിങ്ങുന്ന അശ്രുക്കളിനിയുമാമാറില്‍..സ്വരതന്ത്രിയില്‍ കുരുങ്ങുമാ ഗദ്ഗതം..പിടയുന്നൊരാത്മാവിന്‍ തേങ്ങലല്ലയൊ..ഈ നിമിഷങ്ങള്‍..
അകലങ്ങളിലേയ്ക്ക് ഉതിരുന്ന നാളെകള്‍ക്കും പൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്കും എന്റെ കണ്ണുനീരിന്റെ ഗന്ധമായിരിക്കും അല്ലെ..?
നിന്നെ ഉണര്‍ത്തുന്ന ഈ സ്വപ്നത്തിനു അര്‍ഥമുണ്ടെങ്കില്‍എന്റെ കിനാവുകള്‍ക്ക് ചേതന നല്‍കാന്‍ ഈ സ്വപ്നത്തിനു കഴിയുന്നു എങ്കില്‍ അതിന്റെ അര്‍ഥം നീ എന്നെ ലയിക്കുവാന്‍ എന്നിലലിയുവാന്‍ വെമ്പുന്നു എന്നല്ലെ..?


ആദ്യമായി നിന്നെ പിരിഞ്ഞപ്പോഴുണ്ടായ എന്റെ വേദന നീ അറിഞ്ഞില്ലാ..ജീവിതത്തിലും സ്വപ്നത്തിനും നിന്നെ ഓര്‍ത്ത് വേവലാതിപ്പെട്ടപ്പോഴും എന്റെ മനസ്സും നീ കണ്ടില്ലാ..എന്റെ കണ്ണുകള്‍ കൊണ്ട് ആയിരമായിരം കഥകള്‍ ഞാന്‍ നിനക്ക് പറഞ്ഞുതന്നില്ലെ..? അതും നീ മറന്നൂ..വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും നീ കനിഞ്ഞില്ലാ..പ്രതീക്ഷകള്‍ അസ്തമിച്ച ഈ അവസാന നിമിഷം നിന്റെ സ്നേഹം ഒരു നേരമ്പോക്ക് ആയിരുന്നൊ...?എന്നു വിശ്വസിക്കാന്‍ പോലും മനസ്സനുവധിക്കുന്നില്ലാ...നിന്റെ മൌനത്തിന്റെ ആഴം എനിക്ക് എന്നാണ് മനസ്സിലാക്കാന്‍ പറ്റുകാ.?


വേര്‍പാടിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഉതിര്‍ക്കുന്ന എന്റെ ഗന്ധംനിനക്കത് സ്വീകരിക്കാനാകുമൊ..?എന്തിനു നീ...നനവാര്‍ന്ന ഈ കണ്ണുനീരിനെ ആര്‍ദ്രമാം പീലികളായിമാറി തടഞ്ഞുവെച്ചൂ..?


മാറത്ത് മറുകുള്ള എന്റെ മന്ദാരമേ...നിന്റെ തേങ്ങല്‍ ഈ ഏഴാംകടലും കടന്ന് ഒരു ചന്ദനതെന്നലായി എന്നെ ലയിക്കുന്നു..


നിന്റെ കണ്ണുകളിലെ നൊമ്പരത്തിന്റെ കനല്‍ കാണുമ്പോള്‍എനിക്ക് സ്വയം വേദനിക്കാനെ പറ്റുന്നുള്ളൂ..ഒടുവിലാത്തേങ്ങലും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണൊ.?


നീ എന്നില്‍ നിന്നും ഒരുപാട് അകലെയായിരുന്നപ്പോഴാണ് ഓര്‍മകളുടെ ഓടക്കുഴല്‍ വിളിയും, സ്നേഹത്തിന്റെ, വിരഹത്തിന്റെ, പേര്‍പാടിന്റെ, സ്വാന്ത്വനത്തിന്റെ അങ്ങനെയങ്ങനെ എല്ലാനൊമ്പരങ്ങളും ഞാന്‍ തിരിച്ചറിയുന്നത്..


എന്നെ അസ്വസ്തതയുടെ നിലയില്ലാകിണറ്റിലേയ്ക്ക് തള്ളിയിട്ടിട്ടാണ് നീ മറഞ്ഞത്...നീ തന്ന ഓര്‍മകളും സ്നേഹത്തില്‍ ചാലിച്ച
ചുംബനവും...മനസ്സിന്റെ മണിച്ചെപ്പില്‍ നനുനനുത്ത മഴയായ് പെയ്തിറങ്ങുകയായിരുന്നു.


പുതുമഴയില്‍ പുളകം കൊള്ളാത്ത മണ്ണും അനുരാഗത്താല്‍ തരളമാകാത്ത ഹൃദയവും ഇല്ലാ........... എന്ന് നീ മറന്നൊ..?


ആ തൊടിയിലെ ഇലഞ്ഞിമരത്തിന്‍ കിഴില്‍..കാറ്റ് ജനല്‍ പാളികള്‍ കീറിമുറിക്കും പോലെ..നിലാവ് വഴിഞ്ഞൊഴുകിയ ഒരു രാത്രി മൂന്നാം യാമം കഴിയുംവരെ എന്റെ തലോടലില്‍ നീ മതിമറന്നതും നീ മറന്നൊ..?


എന്റെ പ്രിയപ്പെട്ട സഖീ, ആകാശത്തുമിന്നുന്ന നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഇനി ഒരു നക്ഷത്രത്തെ കൂടെ നിനക്ക് കാണാം,അതില്‍ ഒരു നക്ഷത്രം നിന്നെ ഉറ്റുനോക്കുന്നു എങ്കില്‍നീ ഒന്നു ചിരിക്കില്ലെ എന്നെ നോക്കി...?

Friday, July 13, 2007

എന്തിന് സ്വപ്നമേ.. നീ എന്നെ നുള്ളിനോവിക്കുന്നു..?


ഒരിയ്ക്കലും മരിയ്ക്കാത്ത എന്‍ സ്നേഹം നിനക്കായ് സമര്‍പ്പിച്ചുകൊണ്ട്...
ഏതൊരു ബന്ധവും കാത്തുസൂക്ഷിയ്ക്കാന്‍ ഏറ്റവും വലിയ അടിസ്ഥാനം
സ്നേഹവും കരുണയും ആണ് ...
ഈ പ്രവര്‍ത്തികള്‍ ഭൂമിയെ സ്വര്‍ഗ്ഗങ്ങളുടെ താഴ്വരയാക്കുന്നൂ..

എല്ലാ സ്നേഹിക്കപ്പെടുന്ന മനസ്സുകള്‍ക്കുവേണ്ടി എന്റെ എളിയ സംഭാവന.!!

നിറകണ്ണുകളുമായി നിനക്കായ്...
എന്റെ സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത കതിര്‍മണ്ടപത്തില്‍
നിനക്കായ് എന്നും ഒരു കിളിവാതില്‍ തുറന്നിരിയ്ക്കും..
നീ പണ്ട് കളിയായ് പറഞ്ഞത് ഓര്‍ക്കുന്നില്ലെ..?
ഈ ഭൂമിയില്‍ നിനക്കായ് ഞാനും എനിക്കായ് നീയുമെന്ന്.?

വാനവും ഭൂമിയും നമുക്കായ് നല്‍കിയ ഈ സായന്തനത്തില്‍
നമ്മള്‍ രണ്ട് ഇണക്കുരുവികളെപ്പോലെ..
ഈ മനസ്സില്‍ ഒരായിരം പ്രതീക്ഷകളുമായി കാലം ഒരു പാട്..
കഥകള്‍ പൂക്കുന്ന പൂമുഖവാതില്‍ക്കല്‍ നിനക്കായ്..
മനസ്സില്‍ ലാളനയാകുന്ന നിന്‍ ഓര്‍മകളുമായി..


നീ ഇപ്പോള്‍ ഒരിളം തെന്നലായി എന്‍ മുന്നിലെത്തിയൊ..?
ഈ കുളിര്‍ക്കാറ്റിനു വല്ലാത്തൊരു സുഗന്ധം ...
നീ ഇപ്പോള്‍ ഈ മുല്ലകളില്‍ വിരിഞ്ഞപൂവായ് മാറിയൊ.?
ഈ തേന്മുല്ല പൂവുകള്‍ക്കെന്തുസുഗന്തം.?
ഓളങ്ങളും തീരങ്ങളും നമുക്കായ് മാരിവില്ലു പന്തല്‍ കൂട്ടുന്നൂ.


നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം
ഈ ഭൂമിയുടെ കടം വാങ്ങിയ സ്നേഹം ദീര്‍ത്തുമുടിച്ചിട്ടല്ലാതെ
നമുക്കും നമ്മുടെ തലമുറയ്ക്കും കടന്നുപോകാന്‍ പറ്റുമൊ.?

പ്രിയപ്പെട്ടവരുടെ കളിയും ചിരിയും ദുഃഖങ്ങളും എല്ലാം മധുരമുള്ള
സ്വപ്നം പോലെ ഇന്നും മനസ്സില്‍ തിരിതെളിയുന്നൂ...
എരിയുന്ന കനലിനേക്കാള്‍ തീവ്രതയില്‍ വേദനിക്കുന്ന എന്റെ മനസ്സിനെ
ഒരു നിമിഷാര്‍ത്ഥത്തെ ദര്‍ശനം കൊണ്ട് കുങ്കുമപ്പൂവിനേക്കാള്‍ സൌന്ദര്യം
പകര്‍ന്നുതന്ന എന്റെ പ്രണയിനിയുടെ ഓര്‍മകള്‍ എന്ത് സുഖമുള്ള വിഷാദാത്മകമായ ദിനങ്ങള്‍.!!

പ്രണയത്തിന്റെ ആദ്യകാലങ്ങളില്‍ അവള്‍ നടന്നുപോയ വഴികളില്‍
എനിക്കായ് നല്‍കിയ ചിരിയുടെ മുത്തുകള്‍ പൊഴിഞ്ഞുവീണിട്ടുണ്ടൊ
എന്നു നോക്കിയിരുനു പലനാളും..
ഇന്ന് അതോര്‍ക്കുമ്പോള്‍ എത്ര ഹൃദയങ്ങള്‍ക്ക് ഇതിന്റെ തീവ്രത അറിയാമെന്നെനിക്കറിയില്ലാ

പ്രകൃതിയുടെ സ്നേഹവും പിന്നെ പ്രകൃതി നമുക്കായ് കനിഞ്ഞുനല്‍കിയ
പ്രണയിനിയുടെ സ്നേഹവും അതിന്റെ തീവ്രതയും ഒരു കറുത്ത തിരശീലയായ്
മറഞ്ഞിരിക്കുന്നുവൊ..?

സ്നേഹിക്കുന്നവര്‍ക്ക് ഒരേയൊരു ആജീവനാന്ത ലക്ഷ്യമേ ഉണ്ടാകുള്ളൂ
എത്രയൊക്കെ പ്രതിക്കൂല സാഹചര്യങ്ങള്‍ ഉണ്ടായാലും തമ്മില്‍ ഒന്നിക്കണം എന്ന ലക്ഷ്യം
അത് ഒരു നിമിഷമാണേല്‍ ഒരു നിമിഷം....
ആ നിമിഷത്തിന് പലയുഗങ്ങളുടേയും മനസുഖം കിട്ടാത്തവര്‍ ഈ ഭൂമിയില്‍ ഉണ്ടൊ..?

ക്ഷണികവും സഭലവുമായ ഈ അരുവികളുടെ ഒരിയ്ക്കലും വറ്റാത്ത നീരുറവയില്‍
ഞാന്‍ ലയിക്കുന്നു എന്നും നിനക്കായ്.!!
അതിജീവിതത്തിന്റെ കൌതുകം നിറഞ്ഞ കാത്തിരിപ്പായ് എന്‍ മനം.
ഞാനൊരു പുഴയായും ഒരുപൂവായും ഒരിലയായും
ഇനിയെന്നും നിന്‍ മനദാരില്‍ ഒരു പനിനീര്‍ദളമായ്.!!

Wednesday, February 21, 2007

ഒളിമങ്ങാത്ത എന്റെ ഡയറിക്കുറിപ്പുകള്‍.!!

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാ.!!
ഏതുകരയില്‍ എപ്പോള്‍ എത്തിച്ചേരുമന്ന് എനിക്കറിയില്ല.!!
ഓരോദിവസവും ഓരോസാഗരം പോലെ മുന്നിലെത്തുമ്പോള്‍
‍അതിന്റെ അടങ്ങാത്ത അലകളെ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നു.!
സ്വപ്നങ്ങളും ചില നൊമ്പരങ്ങളും മനസ്സില്‍ ഉടലെടുത്തപ്പോള്‍
ആരും കാണാതെ സൂക്ഷിച്ച എന്റെ മാത്രമായ നൊമ്പരങ്ങള്‍.
പിന്നെ പലതും മാനം കണ്ടു,പലപ്പോഴായ്.!!
എപ്പോഴും ഞാന്‍ കുറിയ്ക്കുന്നു മുറിഞ്ഞുപോയ ചിലമുറുവുകളെപറ്റി.!!
കരിഞ്ഞുതീര്‍ന്ന എന്റെ കിനാവുകളെ പറ്റി..പിന്നെ പലതും,
 

കത്തിനില്‍ക്കുന്നൊരീവാനിന്‍ കൂടാരത്തിന്‍ താഴെ
ഇലകൊഴിഞ്ഞവനങ്ങള്‍ക്ക് തീ പിടിയ്ക്കുന്നു. വെണ്‍പിറാവുകള്‍
കൂടുകൂട്ടുന്നൂ, കൂറ്റന്‍ കഴുകന്മാര്‍ അതുകണ്ട് രസിക്കുന്നു

 

അക്ഷയപാത്രം പോലെയാണ് സ്നേഹം.!!
നല്‍കുമ്പോള്‍ ഇരട്ടിയായ് തിരിച്ചുകിട്ടുന്ന പുണ്യവും.!
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ഒത്തിരി പ്രതിഭാസമാണ് അതിന് ........എന്നാലും.....
സ്നേഹത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതിരിക്കുക.!!
കാരണം അവ ഹരിച്ചോ ഗുണിച്ചോ നോക്കിയാല്‍
അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ.
സ്നേഹത്തിനുള്ളിലെ കളവും, വഞ്ചനയും മരണത്തേക്കാള്‍ ഭയാനകം.!!
അത് മനസ്സിനെ ജീവനോടെ ദഹിപ്പിക്കുന്നു. എന്നാലും
ലോകാം മുഴുവന്‍ പ്രണയത്തിലാണ്. പ്രണയകവിതകള്‍ കൊണ്ട് ലോകം നിറയുന്നു!!

ഹൃദയത്തില്‍ തറയ്ക്കുന്ന ശത്രുവിന്റെ അമ്പിനേക്കാള്‍ ‍വേദനാ
ജനകമാണ് പ്രിയപ്പെട്ടവരുടെ വഞ്ചന.
തീപ്പൊള്ളലേല്‍ക്കുന്ന പാതയില്‍ ഇപ്പോള്‍ ഞാനുമെത്തി.
ആശീര്‍വാദത്തോടൊപ്പം കറകളഞ്ഞ സ്നേഹവും ഉണ്ടാകും
എന്ന് ഞാനും വിശ്വസിക്കുന്നു.

മാമലനാട്ടില്‍ നിന്നും ഈ മരുഭൂവില്‍ എത്തിയിട്ട് വര്‍ഷം
ഒന്നുകഴിയുന്നു. ഈ വാക്കുകള്‍ എന്റെ മനസ്സിന്റെ കണ്ണാടിയാണ്.
ഞാന്‍ കടന്നുപോയ വഴികളും എന്റെ മനസ്സിന്റെ വിങ്ങലുകളും
നഷ്ടബോധങ്ങളും, സ്വപ്നങ്ങളും, കൊച്ചുകൊച്ചു സന്തോഷങ്ങളും അങ്ങനെയെല്ലാം.
എന്റെ ഡയറിയുടെ ഉറവിടങ്ങള്‍...

 
മിഴിയിണകളില്‍ നിറഞ്ഞുനിന്ന ഗദ്‌ഗദം സ്വാന്ത്വനമായും മനസ്സിലെ
കുളിരുമായി...കാലം ഒരുപാടൊടൊരുപാട് ഓര്‍മ്മകളും പ്രതീക്ഷകളും
അതിലെ നൊമ്പരങ്ങളും.. എപ്പോഴോ ഞാന്‍ അറിയാതെ എന്‍
മിഴിയിണ നിറഞ്ഞുപോയി നിനക്കായ്‌. പറന്നുപോയി നീ എവിടെയോ...
പിന്നെയും എന്‍ ഹൃദയം നിനക്ക് പൂക്കളായ് നിന്റെ മൗനം എന്നിലലിയും വരെ...
നിന്നില്‍ ലയിക്കുവാന്‍ കാലത്തിന്റെ ഇടനാഴിയിലേയ്ക്കൊരു കാത്തിരിപ്പായ് ഞാന്‍

നിന‍ക്കെന്നെ ജീവനായിരുന്നു.
എനിക്ക് നിന്നെയും..നിന്റെ ഓരോവാക്കും സ്നേഹത്തില്‍ ചാലിച്ച
ഒരു മധുരമായിരുന്നു..ഭൂമിയ്ക്ക് താഴെയുള്ള പലതിനെ
പറ്റിയും നമ്മള്‍ സംസാരിച്ചൂ. പല രാത്രികളിലും.
ഒരിയ്ക്കല്‍ നീ എന്നെ പേരുവിളിച്ചു,
അന്നാണ് ഞാന്‍ അറിഞ്ഞത് പരസ്പരം നമ്മള്‍ പേരുപോലും മറന്നുപോയി
എന്ന്, എങ്ങനെ മറക്കാതിരിയ്ക്കും നീ തന്നെയായിരുന്നല്ലൊ അന്ന് ഞാന്‍.....
ഞാന്‍ തന്നെയായിരുന്നല്ലോ നീയും...

പിന്നീ‍ട് പലപ്പോഴും
നേരില്‍ കണ്ടൂ. പ്രകൃതിയുടെ കലാവൈഭവം മുഴുവന്‍ പ്രകടമാക്കപ്പെട്ട
ഒരുപാട് മനോഹര സന്ധ്യകളില്‍, കടല്‍ തീരത്തെ മണല്‍പരപ്പില്‍
നിന്നോടൊപ്പം കണ്ട സൂര്യാസ്‌തമയങ്ങള്‍ ഒന്നും മറക്കാന്‍ നമുക്കു കഴിയില്ലല്ലോ?
......എന്താ മറക്കാന്‍ കഴിയുമൊ നിനക്ക്........?