Monday, December 10, 2007

പ്രണയം ഉപ്പുകൊണ്ടുണ്ടാക്കിയ കപ്പലാ‍ണല്ലെ..?

എന്റെ സ്വപ്നങ്ങള്‍ കൊണ്ട് ഒരു തുലാഭാരം നെയ്തുകൂട്ടിയപ്പോള്‍ഞാന്‍ അറിഞ്ഞില്ലായിരുന്നു...
യാഥാര്‍‌ത്ഥ്യലോകത്തുനിന്നും വേറിട്ടു സഞ്ചരിക്കുന്ന ഒരു പ്രതീകമാണ് അതെന്ന്..
കിനാവുകള്‍ക്ക് ചേതന നല്‍കുന്ന പ്രതീകം..പക്ഷെ കാലം പെയ്തുതീര്‍ന്നപ്പോള്‍...
ചേതനയറ്റ് തിരികേ യാഥാര്‍‌ത്ഥ്യത്തിലേയ്ക്കെത്തിയപ്പോള്‍ കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകമായിരുന്നു എന്റെ സ്വപ്നമെന്ന്.


അപ്രതീക്ഷിതമായ വഴിത്തിരുവുകളില്‍ ആശ്ചര്യവും ആഹ്ലാദവും ഒക്കെ പ്രകടിപ്പിക്കുന്നവരാണ് നമ്മളോരോരുത്തരും.അല്ലെ..?


ഭൂമിയെന്ന യാഥാര്‍‌ത്ഥ്യലോകം വിട്ട് പറന്ന്പറന്ന് അങ്ങ് ദൂരെ ദൂരെ നക്ഷത്രലോകത്തെത്തുന്നൂ.. അവസാനം ഈ ലോകത്തിനു ഏതാനും സമയത്തെ മാത്രം ക്ഷണികതകല്‍പ്പിക്കുമ്പോഴൊ..?നിരാശയുടെ അന്ധകാരത്തിലേയ്ക്ക് കാലിടറി വീഴുന്നു..


സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനു തുണയായി നാള്‍ക്കുനാള്‍ അലിയുന്ന ഈ ഹൃദയം നീ കാണുന്നില്ലെ..?സ്നേഹമാം തന്ത്രികള്‍ തുളുമ്പാതെ വിങ്ങുന്ന അശ്രുക്കളിനിയുമാമാറില്‍..സ്വരതന്ത്രിയില്‍ കുരുങ്ങുമാ ഗദ്ഗതം..പിടയുന്നൊരാത്മാവിന്‍ തേങ്ങലല്ലയൊ..ഈ നിമിഷങ്ങള്‍..
അകലങ്ങളിലേയ്ക്ക് ഉതിരുന്ന നാളെകള്‍ക്കും പൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്കും എന്റെ കണ്ണുനീരിന്റെ ഗന്ധമായിരിക്കും അല്ലെ..?
നിന്നെ ഉണര്‍ത്തുന്ന ഈ സ്വപ്നത്തിനു അര്‍ഥമുണ്ടെങ്കില്‍എന്റെ കിനാവുകള്‍ക്ക് ചേതന നല്‍കാന്‍ ഈ സ്വപ്നത്തിനു കഴിയുന്നു എങ്കില്‍ അതിന്റെ അര്‍ഥം നീ എന്നെ ലയിക്കുവാന്‍ എന്നിലലിയുവാന്‍ വെമ്പുന്നു എന്നല്ലെ..?


ആദ്യമായി നിന്നെ പിരിഞ്ഞപ്പോഴുണ്ടായ എന്റെ വേദന നീ അറിഞ്ഞില്ലാ..ജീവിതത്തിലും സ്വപ്നത്തിനും നിന്നെ ഓര്‍ത്ത് വേവലാതിപ്പെട്ടപ്പോഴും എന്റെ മനസ്സും നീ കണ്ടില്ലാ..എന്റെ കണ്ണുകള്‍ കൊണ്ട് ആയിരമായിരം കഥകള്‍ ഞാന്‍ നിനക്ക് പറഞ്ഞുതന്നില്ലെ..? അതും നീ മറന്നൂ..വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും നീ കനിഞ്ഞില്ലാ..പ്രതീക്ഷകള്‍ അസ്തമിച്ച ഈ അവസാന നിമിഷം നിന്റെ സ്നേഹം ഒരു നേരമ്പോക്ക് ആയിരുന്നൊ...?എന്നു വിശ്വസിക്കാന്‍ പോലും മനസ്സനുവധിക്കുന്നില്ലാ...നിന്റെ മൌനത്തിന്റെ ആഴം എനിക്ക് എന്നാണ് മനസ്സിലാക്കാന്‍ പറ്റുകാ.?


വേര്‍പാടിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഉതിര്‍ക്കുന്ന എന്റെ ഗന്ധംനിനക്കത് സ്വീകരിക്കാനാകുമൊ..?എന്തിനു നീ...നനവാര്‍ന്ന ഈ കണ്ണുനീരിനെ ആര്‍ദ്രമാം പീലികളായിമാറി തടഞ്ഞുവെച്ചൂ..?


മാറത്ത് മറുകുള്ള എന്റെ മന്ദാരമേ...നിന്റെ തേങ്ങല്‍ ഈ ഏഴാംകടലും കടന്ന് ഒരു ചന്ദനതെന്നലായി എന്നെ ലയിക്കുന്നു..


നിന്റെ കണ്ണുകളിലെ നൊമ്പരത്തിന്റെ കനല്‍ കാണുമ്പോള്‍എനിക്ക് സ്വയം വേദനിക്കാനെ പറ്റുന്നുള്ളൂ..ഒടുവിലാത്തേങ്ങലും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണൊ.?


നീ എന്നില്‍ നിന്നും ഒരുപാട് അകലെയായിരുന്നപ്പോഴാണ് ഓര്‍മകളുടെ ഓടക്കുഴല്‍ വിളിയും, സ്നേഹത്തിന്റെ, വിരഹത്തിന്റെ, പേര്‍പാടിന്റെ, സ്വാന്ത്വനത്തിന്റെ അങ്ങനെയങ്ങനെ എല്ലാനൊമ്പരങ്ങളും ഞാന്‍ തിരിച്ചറിയുന്നത്..


എന്നെ അസ്വസ്തതയുടെ നിലയില്ലാകിണറ്റിലേയ്ക്ക് തള്ളിയിട്ടിട്ടാണ് നീ മറഞ്ഞത്...നീ തന്ന ഓര്‍മകളും സ്നേഹത്തില്‍ ചാലിച്ച
ചുംബനവും...മനസ്സിന്റെ മണിച്ചെപ്പില്‍ നനുനനുത്ത മഴയായ് പെയ്തിറങ്ങുകയായിരുന്നു.


പുതുമഴയില്‍ പുളകം കൊള്ളാത്ത മണ്ണും അനുരാഗത്താല്‍ തരളമാകാത്ത ഹൃദയവും ഇല്ലാ........... എന്ന് നീ മറന്നൊ..?


ആ തൊടിയിലെ ഇലഞ്ഞിമരത്തിന്‍ കിഴില്‍..കാറ്റ് ജനല്‍ പാളികള്‍ കീറിമുറിക്കും പോലെ..നിലാവ് വഴിഞ്ഞൊഴുകിയ ഒരു രാത്രി മൂന്നാം യാമം കഴിയുംവരെ എന്റെ തലോടലില്‍ നീ മതിമറന്നതും നീ മറന്നൊ..?


എന്റെ പ്രിയപ്പെട്ട സഖീ, ആകാശത്തുമിന്നുന്ന നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഇനി ഒരു നക്ഷത്രത്തെ കൂടെ നിനക്ക് കാണാം,അതില്‍ ഒരു നക്ഷത്രം നിന്നെ ഉറ്റുനോക്കുന്നു എങ്കില്‍നീ ഒന്നു ചിരിക്കില്ലെ എന്നെ നോക്കി...?