Saturday, December 29, 2007

എന്റെ ഗായത്രിക്കുട്ടിയ്ക്ക്.!!


സ്നേഹകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുമ്പോള്‍ സ്നേഹചിലങ്കകള്‍ കിലുങ്ങുന്നൂ, പാദസരത്തിന്റെ കിലുക്കം പോലെ, പുഴയുടെ ഓളം പോലെ, മഴയുടെ സംഗീതം പോലെ,മുല്ലപൂവിന്റെ സുഗന്ധമുള്ള പുലരിപോലെ, ആ പോയ്മറഞ്ഞ നല്ല നാളേയ്ക്കായ്...!!!പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടിലെ
സര്‍പ്പക്കാവില്‍സര്‍പ്പം തുള്ളല്‍ നടത്താന്‍ പോക്കുന്നൂ.
അവള്‍ക്ക് വേണ്ടി..അവള്‍ വരുന്നൂ.....
എന്റെ.....ഞാന്‍ കാത്തിരുന്ന എന്റെ ഗായത്രിക്കുട്ടി,
ആ കാത്തിരിപ്പ് ഇനിയെത്ര ദിവസങ്ങള്‍ നീളും അറിയില്ലാ...
നിദ്രാവിഹീ‍നങ്ങളായ രാവുകളില്‍ നിദാന്തമായ കാത്തിരിപ്പ്,

ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ ഒരു ധനുമാസം,രവിമാമന്‍ മുത്തശ്ശിയുമായി
പിണങ്ങി എന്റെ ഗായത്രിക്കുട്ടിയുമായി പടിയിറങ്ങിയത്.
ഇന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ജോത്സ്യന്‍ പറഞ്ഞൂ അത്രെ.
തറവാട്ടിലെ ദോഷങ്ങള്‍ക്ക് കാരണം രവിമാമന്‍ പടിയിറങ്ങിപ്പോയതാണത്രെ.
അന്നുമുതല്‍ ഈയാണ്ടുവരെ തറവാട്ടമ്പലത്തില്‍ നേര്‍ച്ചയും ആറാട്ടും നടന്നിട്ടില്ലാ.
രവിമാമന്റെ മകള്‍ ഗായത്രിക്കുട്ടി[തിരുവാതിരനക്ഷത്രത്തില്‍ ജനിച്ചവള്‍]
വന്നു സര്‍പ്പക്കാവില്‍ വിളക്കുകൊളുത്തിയാല്‍ മാത്രമേ തറവാട്ടിലെ ശാപം നിലയ്കൂ‍.
തറവാട്ടില്‍ ഐശ്വര്യങ്ങള്‍ ഉണ്ടാകൂ അത്രെ..
അങ്ങനെ മുത്തശ്ശി എല്ലാം മറന്ന് അവരെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരിക്കുന്നൂ.

പതിവുപോലെ സന്ധ്യയ്ക്ക് ഞാന്‍ അമ്പലത്തില്‍ എത്തി
അര്‍ച്ചനകഴിഞ്ഞ് മുത്തശ്ശിയുടെ കൂടെ തികച്ചും അപ്രതീക്ഷിതമായി അവളെ കണ്ടു..
അറിഞ്ഞുകൊണ്ട് തന്നെ അറിയാത്ത മട്ടില്‍ അവളെന്നെ അലസമായി
ചെറുപുഞ്ചിരിയോടെ ഉഴിഞ്ഞുനോക്കുന്നുണ്ടായിരുന്നൂ,പ്രദക്ഷിണം കഴിഞ്ഞ്
അവള്‍ക്കൊപ്പം നിന്ന് പൂവും പ്രസാദവും വാങ്ങി ചുറ്റമ്പലചുവരിലെ
കണ്ണാടികൂട്ടില്‍ തൊടുകുറിവരച്ച് എനിയ്ക്കൊപ്പം അവള്‍ നടന്നൂ..

നിലവിളക്കുകളുടെ ശോഭയില്‍ നിലാവിന്റെ
സൌന്ദര്യമായിരുന്നൂ അവള്‍ക്ക്..


ഞാന്‍ പറയാന്‍ മറന്ന വാക്കുകളും,നീ പറയാന്‍ കൊതിച്ച വാക്കുകളും
 പറഞ്ഞുതീരുകതന്നെ ചെയ്യണം അതുകൊണ്ടല്ലെ
ഈ സര്‍പ്പദൈവങ്ങള്‍ നിന്നെ എനിക്ക് തിരിച്ചുകൊണ്ടുതന്നത്..

തണുത്ത കാറ്റുവീശിത്തുടങ്ങി വെയില്‍ മങ്ങിയ സായന്തനം
ഓര്‍മകളില്‍ പൊതിഞ്ഞ എന്റെ സ്വപ്നങ്ങളുടെ ചെപ്പുതുറക്കുമ്പോള്‍
അനിര്‍വചനീയമായ മുഖഭാവത്തോടെ അവള്‍ എന്നെ നോക്കി.
അവള്‍ എന്തൊ കേള്‍ക്കാന്‍ കൊതിയ്ക്കുന്നൂ എന്ന് സ്പഷ്ടം.!!

ഓര്‍ക്കുന്നുവോ..നീ..?

പണ്ട് സര്‍പ്പക്കാവിനടുത്തുള്ള അരളിമരത്തിലെ അരളിക്കായാണെന്ന്
പറഞ്ഞ് നിനക്ക് ഇലുമ്പിക്ക തന്നപ്പോള്‍ നീ കഴിച്ചത്..?
അന്ന് പിച്ചിപ്പൂമാല നിന്നെ അണിയിച്ചപ്പോള്‍നീ പറഞ്ഞത് ഓര്‍ക്കുന്നൊ..?
കൊഴിയാന്‍ വെമ്പുന്ന മോഹങ്ങളുടെ മുന്നോടിയായ് ഒരിതള്‍ ഇതില്‍ നിന്നും
നുള്ളണമെന്ന്ആ മോഹങ്ങളൊക്കെയും എനിയ്ക്കായ് തന്നത്,

പിന്നെ ഇലഞ്ഞിപൂവ് പെറുക്കാന്‍ കയ്യാലപ്പുറത്തുകൂടെ നടന്നപ്പോള്‍
നിന്റെ കാലില്‍ മുള്ളുതറച്ചതും, അതുകഴിഞ്ഞ് നിനക്ക് പാലപ്പൂവേണമെന്ന് പറഞ്ഞപ്പോള്‍ കിഴക്കേനടയ്ക്കാവിനടുത്തുള്ള പാലയില്‍ ചുറ്റിപിടിച്ച് കയറി കാലുതെറ്റി താഴെവീണതും
അതിനു രവിമാമന്‍ എന്നെ അടിച്ചതും അതുകൊണ്ട് ആ തൊടിയിലെ
ഞാവല്‍പഴം പെറുക്കാന്‍ നിന്നെ കൂട്ടാത്തതിന് നീയെന്നോട് പിണങ്ങിയതും
ആ പിണക്കം മാറ്റാന്‍ ആമ്പല്‍ക്കുളത്തിലെ മൂന്ന് ആമ്പല്‍പ്പൂ ഇറുത്തു തന്നതും,
അന്ന് ആറാട്ടിനു സര്‍പ്പക്കാവില്‍ വെച്ച് ഒരു സത്യം ചെയ്തിരുന്നൂ അത് നീ ഓര്‍ക്കുന്നുവോ..?

പിന്നെ നിന്റെ പുസ്തകതാളിലെ മയില്‍പീലിയ്ക്ക് എന്റെ ഗന്ധമാണെന്ന് പറഞ്ഞത്
പിന്നെ നിന്റെ പാദസരത്തിന്റെ മുത്തുകള്‍ എനിയ്ക്ക് തന്നപ്പോള്‍
എന്റെ പ്രേമസങ്കല്‍പ്പത്തിന്റെ കിങ്ങിണിമുത്തുകള്‍ പകരം തന്നതും,
പിന്നെ പുഴയുടെ തീരത്ത് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്
പുഴപോലെ ഒഴുകിയൊഴുകി അക്ഞാത തീരങ്ങളിലെത്തിയപ്പോള്‍
അവിടെ നമ്മളെ വരവേല്‍ക്കാന്‍ നക്ഷത്രകന്യകമാര്‍ പ്രത്യക്ഷപ്പെട്ടതും
പൂമെത്തകള്‍ നമുക്ക് പരവതാനിയായതും അതില്‍ ഒരു പൂവായി നീ മാറിയതും
ഞാനതില്‍ ഇതളായ് മാറിയതും അതിലെ മധുനുകരാന്‍ നമ്മുടെ
സ്വപ്നങ്ങള്‍ കൂട്ടായ് മാറിയതും അങ്ങനെയെല്ലാമെല്ലാം നീ ഓര്‍ക്കുന്നുവൊ..?

ഇപ്പോ നീ വളര്‍ന്നൂ ഒരു പാടൊരുപാട് എന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ഒരു ലോകത്തിലേയ്ക്ക്


ചുണ്ടില്‍ ചിരിയുമായ് കണ്ണില്‍ കുളുരുമായി വാക്കുകള്‍ അവളറിയാതെ പൊഴുഞ്ഞുവീണു.

ഞാന്‍ ഓര്‍ക്കുന്നു ആ സത്യം എനിക്ക് മറക്കാന്‍ പറ്റില്ലല്ലൊ.
[എന്റെ ശ്രീക്കുട്ടനെ ഞാന്‍ മറക്കണമെങ്കില്‍ അതിന് ഈ കടല്‍ കരയായ് മാറണം ]